Saturday, June 15, 2013

നേര്‍ക്കാഴ്ച്ച

സ്വാശ്രയം ; എത്ര മനോഹരമായ പദം !


വിദ്യാഭ്യാസത്തിന്റെ കേരള മോഡല്‍ ഏറെ ചര്‍ച്ചചെയ്യപ്പെ‌ട്ട ഒന്നാണ്. രാജ്യത്തിനൊന്നാകെ അഭിമാനം കൊണ്ടുവന്നുകൊണ്ട് നൂറു ശതമാനം സാക്ഷരത നേടുവാനും നമുക്കായി. ചലനങ്ങളുണ്ടാക്കിയ ഉന്നത വിദ്യാഭ്യാസം കവികളും സാഹിത്യശ്രേഷ്ഠന്‍മാരുമായ ഗുരുക്കന്‍മാരെക്കൊണ്ട് സമ്പന്നവും അദ്വിതീയവുമായി. സര്‍ക്കാറിന് ചെയ്യാന്‍ പറ്റാതിരുന്ന കാര്യങ്ങള്‍ സ്വകാര്യമേഖലയില്‍ ഏര്‍പ്പെടുത്തിക്കൊണ്ട് എയിഡഡ് മേഖലയും ഉയര്‍ന്നു നിന്നു.

പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗം ശുഷ്കമായിത്തന്നെ തുടര്‍ന്നു. ഉയര്‍ന്ന വിജയം നേടി എത്തുന്നവരെപ്പോലും ഉള്‍ക്കൊള്ളാന്‍ കേറളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കും എ‍ഞ്ചിനീയറിംഗ് കോളേജുകള്‍ക്കും ആയില്ല. മാര്‍ക്ക് നേടി പാസ്സായവരില്‍ നല്ലൊരു ശതമാനം അയല്‍ സംസ്ഥാനങ്ങളിലെ സ്വാശ്രകോളേജുകളില്‍ കാശുമുടക്കി പ്രവേശനം നേടി. കേരളത്തില്‍ അത്തരം സംവിധാനമുണ്ടായിരുന്നെങ്കില്‍ ആ പണമത്രയും കേരളത്തില്‍ തന്നെ ചെലവഴിക്കപ്പെടുമായിരുന്നു എന്നും വര്‍ഷങ്ങളോളം മനോരമ തുടങ്ങിയ പത്രങ്ങള്‍ പരമ്പര പ്രസിദ്ധീകരിച്ച് കളിക്കളമൊരുക്കി. ബിരുദാനന്തര തലങ്ങളില്‍ വരെ പരീക്ഷിച്ച് വിജയിച്ച എയിഡഡ് രീതി മേല്‍പ്പറഞ്ഞ മേഖലകളില്‍ പരീക്ഷിക്കാന്‍ നിര്‍ഭാഗ്യവശാല്‍ നീക്കമൊന്നുമുണ്ടായതുമില്ല. എയിഡഡ് മേഖലയോടുള്ള അന്ധമായ വിരോധം തന്നെയാണ് കാരണം. സര്‍ക്കാറിന് ശമ്പളം കൊടുക്കുന്ന ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ട ഭീമമായ ബാദ്ധ്യത ഉണ്ടാവിലായിരുന്നു. ഏതായാലും സ്വാശ്രകോളേജുകള്‍ക്കുവേണ്ടിയുള്ള മുറവിളിക്ക് ഫലമുണ്ടായി. ശമ്പളവും വേണ്ട അടിസ്ഥാന സൗകര്യവും വേണ്ട, നടത്താനുള്ള അനുമതി മാത്രം മതി എന്ന രീതിയില്‍ ധാരാളം പേര്‍ മുന്നോട്ടുവന്നു. അന്നേരം സര്‍ക്കാരിന് രണ്ട് സ്വാശ്രകോളേജുകല്‍ സമം ഒരു ഗവണ്‍മെന്റ് കോളേജ് എന്ന സമവാക്യമുയര്‍ത്തി ജനപിന്തുണ നേടാന്‍ ശ്രമം നടത്തി. അതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇക്കാലമത്രയും കഴിഞ്ഞിട്ടുമില്ല. ന്യൂനപക്ഷ കാര്‍ഡും ജാതി മത വര്‍ഗീയ കാര്‍‍ഡുകളും എല്ലാമിറക്കി മാനേജുമെന്റ് കളി തുടരുകയാണ്. വേണ്ടത്ര അടിസ്ഥാന സൗകര്യവും തൃപ്തികരമായ പ്രകടനവും ഉറപ്പാക്കാത്ത കോളേജുകളെ വിലക്കുമെന്ന ഭീഷണിയുമായി ദിനം തോറും പ്രസ്താവനയിറങ്ങുന്നുണ്ട്. ചുരുക്കത്തില്‍ കുടം തുറന്നുവിട്ട സ്വാശ്രയഭൂതത്തിന്റെ മുന്നില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുകതന്നെയാണ്. എയ്‍ഡഡ് മേഖലയിലായിരുന്നു കോളേജുകളെങ്കില്‍ സര്‍ക്കാറിന് കുറച്ചുകൂടി നിയന്ത്രണമുണ്ടാകുമായിരുന്നു.

ഏതുവിധത്തിലും മക്കളെ എഞ്ചിനീയറോ ഡോക് ടറോ ആക്കുമെന്ന് ഉറപ്പിച്ച രക്ഷിതാക്കള്‍ ഗാന്ധിമുദ്ര കുട്ടിച്ചാക്കിലാക്കി കോളേജുപടിക്കല്‍ കാത്തുകെട്ടിക്കിടക്കാന്‍ തുടങ്ങി. അപ്പോഴും എന്‍ട്രന്‍സ് എന്ന കടമ്പ ബാക്കി കടന്നു. പരീക്ഷ എഴുതുകയേ വേണ്ട പ്രവേശനപരീക്ഷ പാസ്സാക്കിത്തരാം എന്നു പറയാനും അതിന് വേറെ പണം നല്‍കാനും ആളുണ്ടായി. വലിയ ലേലം വിളിയാണ് പ്രവേശനത്തിന് നടക്കുന്നത്. വളക്കൂറുള്ള ഈ മണ്ണില്‍ ഏജന്റ് മാര്‍ വേരുറപ്പിച്ചു. പാലാ, തൃശ്ശൂര്‍ തു‌ടങ്ങി, നാട്ടില്‍ മുളച്ചുപൊന്തിയ എണ്ണമറ്റ കോച്ചിംഗ് സെന്ററുകളില്‍ പഠിക്കുന്ന മുഴുവന്‍ പേരേയും ഉന്നം വച്ചാണ് കങ്കാണിമാര്‍ പ്രവര്‍ത്തിച്ചത്. അതിനിടെ ചില ഡീംഡ് യൂണിവേഴ്സിറ്റിക്കാര്‍ തങ്ങള്‍ക്ക് തോന്നിയ പരീക്ഷാഫീസ് നിശ്ചയിച്ച് തങ്ങള്‍ക്ക് തോന്നിയ തരത്തില്‍ ഒട്ടും സുതാര്യമല്ലാത്ത പരീക്ഷ / പ്രവേശന നടപടികളുമായി അരങ്ങുവാണു. പ്രവേശനപ്പരീക്ഷ മഹാശ്ചര്യം ! നമുക്കും കിട്ടണം പണം !! എന്നമട്ടില്‍ അപേക്ഷിക്കുന്നവരോ‌ട് അന്യായമായ തുക ഫീസ് വാങ്ങി ചൂഷണത്തിന് തങ്ങള്‍ പിറകിലല്ല എന്ന് സര്‍ക്കാരും തെളിയിച്ചു.

പലപ്രസിദ്ധങ്ങളായ സ്ഥാപനങ്ങളിലും ആവശ്യക്കാര്‍ നേരിട്ടെത്തിയാല്‍ സീറ്റില്ല എന്ന മറുപടിയാണ് ലഭിക്കുക. അതേ സമയം ഏജന്റ്മാരോട് ബന്ധപ്പെട്ടാല്‍ അവിടെയൊക്കെ ഇഷ്ടം പോലെ സീറ്റും കാണും. നേരിട്ടുള്ള അന്വേഷണത്തില്‍ സീറ്റുണ്ടെങ്കില്‍ത്തന്നെ കുറഞ്ഞ തുക മതി ഏജന്റ് മുഖേന പോവുമ്പോള്‍. പിടിപാടുള്ള ഏജന്റുമാര്‍ പ്രാപ്തിക്കനുസരിച്ച് പല കോളേജുകളിലായി പത്തോ നൂറോ സീറ്റുകള്‍ വര്‍ഷങ്ങള്‍ക്കുമുന്‍പേ വാങ്ങിയിടുകയാണ്. അവ തരം പോലെ, ആവശ്യക്കാരന്റെ കോശസ്ഥിതിയും സമ്മര്‍ദ്ദവും അനുസരിച്ച് കൂടിയ വിലയ്ക്കു വില്‍ക്കുന്നു. ഇടപാടുകാരു‌ടെ എണ്ണം കുറയുമ്പോള്‍ റിസ്ക് ഫാക്ടറും കുറയുമല്ലോ! മാത്രമല്ല അഡ്മിഷന്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് മറുപടി പറയാനായി മാനേജ്മെന്റ് ശമ്പളം കൊടുത്ത് നിര്‍ത്തിയിരിക്കുന്ന ഉദ്യോഗസ്ഥനുമായും കങ്കാണിമാര്‍ ബന്ധം സ്ഥാപിക്കാറുണ്ട്. സീറ്റില്ല എന്ന് പറയുന്നതിന് പ്രതിഫലമായി തങ്ങളുടെ കമ്മീണനില്‍ നിന്ന് ഒരു തുക ഏജന്റ്മാര്‍ നല്‍കും.


പ്രൊഫഷണല്‍ കോളേജ് പ്രവേശനത്തിന്റെ കോഴയ്ക്ക് അങ്ങനെ നിശ്ചിത റേറ്റ് ഒന്നുമില്ല. പ്രവേശനപ്പരീക്ഷക്കുമുന്പ് ഉള്ള തുകയേക്കാള്‍ അഞ്ചോ പത്തോ (ലക്ഷം)കൂടുതലാവും റാങ്ക് ലിസ്റ്റ് വന്നാല്‍. കഴിഞ്ഞ വര്‍ഷം മലപ്പുറത്തെ ഒരു മെഡിക്കല്‍ കോളേജില്‍ നേരിട്ടന്വേഷിച്ചപ്പോള്‍ 60 ലക്ഷമായിരുന്നു ആവശ്യപ്പെട്ടത്. ഒടുവില്‍ എങ്ങനേയോ ഒഴിവുവന്ന ഒരു സീറ്റിലേക്ക് ഒരേജന്റ് മൂന്നു ദിവസം അടുപ്പിച്ച് നിലവിളിച്ചുകൊണ്ട് പരസ്യം ചെയ്തു. നാലാം ദിവസം 35 ലക്ഷം മതി എന്നും പരസ്യം കണ്ടു. ഏജന്റിനു ഒരു സീറ്റില്‍ നിന്ന് ലഭിക്കുന്ന തുകയെപ്പറ്റി ഒരേകദേശ ധാരണ കിട്ടുന്നില്ലേ ? ഒന്നോ രണ്ടോ സീറ്റുമാത്രം വാങ്ങിയിടുന്ന പരല്‍മീനുകളും കോളേജ് ഒന്നാകെ വിഴുങ്ങുന്ന തിമിംഗിലങ്ങളും പുളച്ചുനടക്കുന്ന വന്‍കടലാണ് സ്വാശ്രയമേഖല.
അങ്ങനെ ഏതെങ്കിലും വിധത്തില്‍ സീറ്റുവാങ്ങി കോളേജില്‍ ചേരുന്ന കുട്ടികളെ കാത്ത് പല തട്ടിപ്പുകളും ഒളിഞ്ഞിരിപ്പുണ്ട്. ഹോസ്ററല്‍ ഫീസ്, ലൈബ്രറി ഫീസ് എന്നിങ്ങനെയൊക്കെ ഓമനപ്പേരിട്ട് വന്‍ തുകയാണ് കോളേജുകള്‍ ഈടാക്കുക. അസ്ഥിക്കൂടവും പല്ലും ഒക്കെ കാശുകൊടുത്തു തന്നെ വാങ്ങണം. മോശപ്പെട്ട താമസ സൗകര്യും, വൃത്തിഹീനമായ ഭക്ഷണം എന്നിവയെപ്പറ്റി പരാതിപ്പെടുന്നവര്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് കുറയുമെന്നതില്‍ സംശയം വേണ്ട. അതുപേടിച്ച് ഏറ്റവും മോശപ്പെട്ട ഏതവസ്ഥയും കുട്ടികള്‍ സഹിക്കും. മാനാഭിമാനം വരെ പണയത്തിലാണ്.

'സാധുജനങ്ങളുടെ ഉന്നമനത്തിനായി' സംഘ‌നകളും ട്രസ്റ്റുകളും രൂപീകരിച്ച് LKG യും UKG യും തൊട്ടുള്ള ക്ലാസ്സുകളില്‍ വന്‍തുക ഫീസും ഡൊണേഷനും വാങ്ങി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തിപ്പോന്നതുമാത്രമായിരുന്നു അധിക സ്വാശ്രയക്കാരുടേയും മുന്‍പരിചയം. സംഗതി ലാഭമുള്ള ഏര്‍പ്പാടാണെന്നറിയുവാന്‍ അത് ധാരാളം മതിയല്ലോ ! അങ്ങനെ തട്ടിക്കൂട്ട് കോളേജുകളില്‍ പഠനം കുട്ടിയുടെ മാത്രം ചുമതലയാണ്. ധാരാളം രോഗികളെ കണ്ടും വിവിധ രോഗങ്ങള്‍ പ്രഗത്ഭരായ ‍ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നതു കണ്ടറിഞ്ഞും ലഭിക്കുന്ന പ്രായോഗിക ജ്ഞാനം അവിടങ്ങളില്‍ നിന്ന് പ്രതീക്ഷിക്കരുത്.
പലയിടത്തും ചികിത്സിക്കാനറിയുന്ന ഡോക്ടര്‍മാര്‍ ഇല്ല എന്നത് വാസ്തവം മാത്രം. അതുകൊണ്ടുതന്നെ സ്വന്തം ജീവന്‍ പണയപ്പെടുത്തി ആരും അവിടങ്ങളില്‍ ചികിത്സക്കെത്താറുമില്ല. ചിലയിടങ്ങളില്‍ പഠിതാവ് ഊരുതെണ്ടി രോഗികളെ ആവാഹിച്ചു കൊണ്ടവരുന്ന ആഭിചാരവും പതിവുണ്ട്. സ്വന്തം സുഹൃത്തുക്കളോ അടുത്ത ബന്ധുക്കളോ ഒക്കെയാകും ഈ രോഗികള്‍. കോളേജുകളുടെ നിലവാരം വിലയിരുത്താനെത്തുന്ന ഏതെങ്കിലും കമ്മീഷനോ മറ്റോ എത്തുമ്പോഴാണ് ഈ തമാശകളൊക്കെ അരങ്ങേറുന്നത്. മറ്റാരേയും കിട്ടിയില്ലെങ്കില്‍ ഒന്നാം വര്‍ഷക്കാരെ യൂണിഫോമിടാതെ രോഗികളായി അണി നിരത്തും.

ഇതൊക്കെ പ്രായോഗിക പരിചയത്തിന്റെ കഥ. തിയറി ക്ലാസ്സുകളുടെ കാര്യം അതീവ സങ്കടകരമാണ്. സങ്കീര്‍ണമായ പാഠഭാഗങ്ങള്‍ രണ്ടാം വര്‍ഷക്കാരോ മൂന്നാം വര്‍ഷക്കാരോ താഴത്തെ ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നു. സംശയം ചോദിക്കലോ ചര്‍ച്ചയോ ഒന്നും ഇല്ല. കുട്ടി അതുവരെ കേള്‍ക്കാത്ത തെറികളൊക്കെ
ഒന്നോ രണ്ടോ മാസം കൊണ്ട് സ്വന്തം അധ്യാപകര്‍ പറഞ്ഞ് കേട്ടിരിക്കും. സമൂഹം ഉന്നതരായി അവരോധിച്ചിരിക്കുന്ന ഭിഷഗ്വരന്‍മാരാണ് ഈ വിധത്തില്‍ പെരുമാറുന്നത് എന്ന് നമ്മളോര്‍ക്കണം. കടുത്ത മാനസിക പീഠനമാണ് പുറം ലോകമറിയാതെ കുട്ടികള്‍ അനുഭവിക്കുന്നത്. പഠനം കഴിഞ്ഞെത്തുന്ന കുട്ടികള്‍ സാമൂഹിക പ്രതിബദ്ധത ഒട്ടുമില്ലാത്തവരായി തീരുന്നതില്‍ അത്ഭുതമില്ല. ഒരു വലിയ വിഭാഗം മയക്കുമരുന്നിനും മദ്യത്തിനും അടിമകളാവുന്നു.

LKG മുതല്‍ ഒരുക്ലാസ്സിലും മര്യാദക്ക് ഇരുന്ന് ഒരു പാഠവും പഠിക്കാത്തവരും കാശിന്റെ ബലത്തില്‍ ഈ പ്രൊഫഷണല്‍ ഫാക്ടറികളില്‍ എത്തിപ്പെടുന്നുണ്ട്. കാശ് മാത്രമാണ് അവരുടെ യോഗ്യത. ഒരാള്‍ SSLC ക്ക് പരാജയപ്പെടുക അത്ര എളുപ്പമല്ല. പാസ്സായാല്‍ പണം നല്‍കിയാല്‍ പ്ളസ് ടു വിന് സീറ്റുകിട്ടും. പ്രവേശനപ്പരീക്ഷ എഴുതി കാശും കൊടുത്ത് പ്രൊഫഷണല്‍ കോഴ്സിന് അ‍ഡ്മിഷന്‍ വാങ്ങാനുള്ള അവസരവുമുണ്ട്. ആവശ്വത്തിനും അനാവശ്യത്തിനും ഇഷ്ടം പോലെ പണവും കൂടിയാവുമ്പോള്‍ എന്തും ചെയ്യാനറയ്ക്കാത്തവരായി ഇക്കൂട്ടര്‍ മാറുന്നുണ്ട്. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് വായ മുറിയാതെ ബ്ലേഡ് നക്കിയെടുപ്പിച്ചും അവരുടെ ദേഹത്ത് നിര്‍ബാധം ബ്ലേ‍ഡുകൊണ്ട് ചിത്രപ്പണി നടത്തിയും , തന്റെ വികല ലൈംഗികദാഹങ്ങള്‍ തീര്‍ക്കാന്‍ അവരെ ഉപയോഗിച്ചും, ക്ലോസറ്റ് നാവുകൊണ്ട് തുടപ്പിച്ചും റാഗിംഗ് എന്ന തോന്ന്യാസം കോളേജുകളില്‍ നടക്കുന്നത് ഇവരുടെ പിന്‍ബലത്തിലാണ്. അവര്‍ക്കൊപ്പമാണ് പലപ്പോഴും അധികാരികളും നില്‍ക്കുക. മക്കളുടെ ഇമ്മാതിരിയുള്ള തോന്ന്യാസങ്ങളൊക്കെ പൂത്ത പണമിട്ട് മൂടുന്ന തന്തമാരും കൈകോര്‍ക്കുമ്പോള്‍ ചിത്രം പൂര്‍ണമാവുന്നു.
കടുത്ത സിലബസ് തലയിലാവുമ്പോഴാണ് പലര്‍ക്കും വന്ന വഴിയുടെ വിഢ്ഢിത്തം മനസ്സിലാവുക. ചിലര്‍
അഞ്ചുകൊല്ലത്തെ കോഴ്സ് ഏഴും എട്ടും വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കുന്നു. വലിയ ഒരുവിഭാഗം കൂട്ടത്തോല്‍വിയുടെ കനം കൂട്ടുന്നു. ഒരു ഭാഷയും സ്വായത്തമാക്കാത്തവരെ എങ്ങനെ പഠിപ്പിക്കുമെന്ന് അദ്ധ്യാപകര്‍ക്കും അറിയില്ല.

ഇപ്പറഞ്ഞതൊക്കെ കേരളത്തില്‍ മാത്രമല്ല. കൂടുതല്‍ ഭീതിതമായ തോതില്‍ അയല്‍ സംസ്ഥാനങ്ങളില്‍ ഇതൊക്കെ നടക്കുന്നു. അതിനെക്കുറിച്ച് വഴിയെ.

സുഖദന്‍ താനൂര്‍
sukhadan@gmail.com








Tuesday, June 11, 2013

കുഴലൂത്തുകാര്‍ തയ്യാര്‍ !


കേരളം കുറേ കാലമായി ഇതു കാണാന്‍ തുടങ്ങിയിട്ട്.പാഠ്യ പദ്ധതി അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ മാറി വരുന്ന സര്‍ക്കാരുകള്‍ തീരുമാനിക്കും. അങ്ങനെ മാറാനുള്ള കാരണം ആരേയും ബോധിപ്പിക്കേണ്ടതില്ല. അഥവാ വേണമെങ്കില്‍ തന്നെ ആടിനെ പട്ടിയാക്കുന്ന വിദ്യ അസ്സലായി അഭ്യസിച്ച രാജന്‍ ചെറുക്കാടിനെപ്പോലുള്ളവര്‍ പ്രമുഖ മാധ്യമങ്ങള്‍ ഉപയോഗിച്ച് ആ കര്‍മം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്യും. സത്യവും അസത്യവും കൂട്ടിക്കുഴച്ച് മൂന്ന് നാലു ദിവസമായി അദ്ദേഹം മാതൃഭൂമിയിലെഴുതുന്ന 'പൊതുവിദ്യാഭ്യാസം പിന്‍ ബഞ്ചില്‍' എന്ന ലേഖനം പത്രത്തില്‍ കാണുന്നതൊക്കെ സത്യമാണെന്ന് കരുതുന്ന സാധു ‍ജനത്തെ ഉന്നം വച്ചുള്ള കസര്‍ത്താണ്.

ശ്രീ രാജന്‍ മുന്നോട്ട് വയ്ക്കുന്ന ഉത്കണഠ യഥാര്‍ത്ഥമാണ്. വലിയ ഒരു വിഭാഗം കുട്ടികള്‍ അടിസ്ഥാന ശേഷികളില്‍ പിന്നിലാണ്. പക്ഷെ അതിന്റെ കാരണങ്ങള്‍ ഉപരിപ്ലവമല്ല. SSLC പരീക്ഷയുടെ റിസള്‍ട്ടോ എന്‍ട്റന്‍സ് പരീക്ഷയുടെ റാങ്ക് ലിസ്റ്റോ മാനദണ്ഡമാക്കിയുള്ള അന്വേഷണങ്ങള്‍ക്ക് വിധേയമാകുന്ന ലഘു സമസ്യയല്ല അത്. സമഗ്രമായ പഠനവും വിചിന്തനവും ഈ മേഖലയില്‍ നടന്നിട്ടില്ല. പരാജയങ്ങളുടെ കാരണം അന്വേഷിക്കേണ്ടതല്ലേ ? പിന്നാക്കക്കാരായ കുട്ടികള്‍ക്ക് ലഭിച്ച അദ്ധ്യയനത്തിന്റെ അളവും ഗുണവും അവരുടെ സാമൂഹ്യ പരിസ്ഥിതിയും അന്വേഷിക്കേണ്ടതല്ലേ ? ആരാണ് അതിനു മുതിര്‍ന്നിട്ടുള്ളത് ?
അവകാശങ്ങള്‍ക്കൊപ്പം തന്നെയാണ് കടമകള്‍ എന്ന് ഉറപ്പിച്ച് പ്രവര്‍ത്തിക്കുന്ന എത്ര അദ്ധ്യാപകരുണ്ട് നമുക്ക് ? പഠിപ്പിക്കാതെ ഉഴപ്പുന്നവര്‍ സംസ്ഥാനത്തില്ലേ? ശ്രീ രാജന്‍ തന്നെ പറയുന്നു അദ്ധ്യാപകര്‍ പകുതിയോളം പേര്‍ ഇംഗ്ളീഷില്‍ പിറകിലാണെന്ന്. അവരൊന്നും DPEP സന്തതികളല്ല എന്നുറപ്പല്ലേ ? SLAP ( Second Language Acquisition Programme )-ലൂടെ ഇംഗ്ളീഷ് പഠിച്ചവരല്ല അവര്‍.

കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് SSLC പരീക്ഷക്ക് ഗ്രൂപ്പ് സിസ്റ്റം എന്നൊരു പരിപാടി ഉണ്‌ടായിരുന്നു. ഇംഗ്ലീഷ് ഹിന്ദി മലയാളം ( ഒന്നാംഭാഷ ) എന്നിവയ്കെല്ലാം കൂടി 90 മാര്‍ക്ക കിട്ടിയാല്‍ കുട്ടി പാസ്സാകുമായിരുന്നു. ഈ ഭാഷകളില്‍ ഒന്നിന് പൂജ്യം കിട്ടിയാലും കുഴപ്പമില്ല ! എന്നിട്ട് എത്രയായിരുന്നു വിജയശതമാനം ? മോഡറേഷന്‍ അന്നുമുണ്ടായിരുന്നു. പിന്നീട് അതുമാറി ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് വേണം എന്ന് നിര്‍ബന്ധമാക്കി. രണ്ട് സമയത്തും ഇംഗ്ലീഷിന് 'കത്തെഴുത്ത് ' എന്ന ഒരു നിര്‍ബന്ധ ചോദ്യമുണ്ടായിരുന്നു.
10 മാര്‍ക്കാണ് കിട്ടുക. കത്തിന്റെ 'ഫോം' ശരിയായാല്‍ 5 മാര്‍ക്ക് കിട്ടും. കഥ വികസിപ്പിക്കാനായി നാലോ അഞ്ചോ വാക്കുകള്‍ ചേര്‍ത്താല്‍ മതി, അതിനും കിട്ടും 5 മാര്‍ക്ക്. അന്നൊക്കെ കത്തില്‍ സംബോധന, സ്ഥലം, തിയ്യതി , എന്നിവ യഥാസ്ഥാനത്ത് എഴുതിക്കുക ഭാഷാധ്യാപകരുടെ പ്രധാന പ്രവൃത്തിയായിരുന്നു. അങ്ങനെ ഇംഗ്ലീഷിന് ഒരുവിധം മിനിമം മാര്‍ക്ക് നേടി പാസ്സായിരുന്നവരുടെ ശതമാനമെത്രയായിരുന്നു എന്നും കൂടി ശ്രീ രാജനെപ്പോലുള്ളവര്‍ അന്വേഷിക്കണം. അവര്‍ക്ക് ഉണ്ടായിരുന്ന ഭാഷാശേഷിയെ ഏതുപകരണം കൊണ്ടളക്കും സാര്‍ ? അവരാണോ ഇന്നുള്ള അദ്ധ്യാപകര്‍ ! അറിയേണ്ടതല്ലേ അതും ? സര്‍വീസിലിരിക്കുന്നവര്‍ക്ക് TET (teacher eligibility test ) വേണമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ പ്രമുഖ അദ്ധാപക സംഘടന ഉത്തരവിന്റെ കോപ്പി കത്തിച്ചതും സര്‍ക്കാര്‍ വാലും മടക്കി പിന്നാക്കം പോയതും നമ്മള്‍ കണ്ടതല്ലേ ?

സ്വാശ്രയ രീതി TTC BE d കോഴ്സുകളില്‍ക്കൂടി നടപ്പിലായപ്പോള്‍ മലയാളം കൂടി അറിയാത്ത ഒരു തലമുറയാണ് ഗുരു പദവിയിലേക്ക് വന്നത്. ഇനി വളരെക്കൂടുതല്‍ വരാനിരിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ സമസ്ത മേഖലകളെയും ഈ സ്വാശ്രയ അദ്ധ്യാപകര്‍ കുഴപ്പത്തിലാക്കും എന്നതിന് സംശയമില്ല. ഈ കാര്യങ്ങളൊക്കെ മൂടിവച്ച് പാഠ്യപദ്ധതിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയാണോ ?

DPEP തുറന്നിട്ട വാതിലുകള്‍ കുട്ടികളുടെ പ്രസിദ്ധീകരണങ്ങളുടെ സര്‍ക്കുലേഷന്‍ കൂട്ടിയിട്ടില്ലേ ? എല്ലാ പത്രങ്ങള്‍ക്കും ഒരു 'കുട്ടിപ്പേജ്'' നിര്‍ബന്ധമായിട്ടില്ലേ ? കവിതയും സാഹിത്യവും വഴങ്ങുന്ന കുട്ടികളുടെ എണ്ണം കൂടി. കുട്ടികളുടെ സിനിമോത്സവങ്ങള്‍ വര്‍ഷം തോറും നടന്നു വരുന്നു. ഇക്കാര്യവും കൂടി ചേര്‍ത്തുവച്ച് പഠിക്കണം. വിജയങ്ങളുടെ കാരണവും അന്വേഷിക്കണ്ടേ ? വിജയങ്ങള്‍ ഒറ്റപ്പെട്ടതല്ല എന്ന് മനസ്സിലാക്കുകയും വേണം.

ഡി പി ഇ പി കാലത്ത് അതിനെതിരെ സമരവും പ്രചരണവും നടത്തിയവരെ തുടര്‍ന്നു വന്ന ഗവണ്‍മെന്റ് ഔദ്യോഗിക വിലയിരുത്തല്‍ /പരിഷ്കരണ കമ്മിറ്റി അംഗങ്ങളായി നിയമിച്ചതും നാം കണ്ടു.പിന്നീടെന്തുണ്ടായി ? ദയവുചെയ്ത് പാഠ്യപദ്ധതിയില്‍ രാഷ്ട്രീയം കലര്‍ത്താതിരിക്കുക.





















മൂന്നിയൂരിലെ കോഴിവെട്ടും നാട്ടിലെ കോഴിക്കടകളും


പൂവനും പിടയും തമ്മിലുള്ള സംഭാഷണം.

"എന്തായി പോകാനാണ് ആഗ്രഹം ?”
"നല്ല നെല്ലുത്തരിച്ചോറിന്റെ കൂടെ ബട്ടര്‍ ചിക്കനായിട്ട്.”

വികെ എന്‍.

മലപ്പുറം ജില്ലയിലെ മൂന്നിയൂരില്‍ എത്രയോ കാലമായി നടന്നു വരുന്ന കോഴിക്കളിയാട്ടം പ്രസിദ്ധമാണ്. കൃഷി ഉപജീവനമാക്കിയ സാധാരണക്കാരാണ് അവിടെയെത്തുന്നവരില്‍ തൊണ്ണൂറു ശതമാനവും. വിത്തും , മറ്റു നടീല്‍ വസ്തുക്കളും, മലക്കറികളും ,ചേറ്റില്‍പ്പുളയുന്ന ജീവനുള്ള മത്സ്യങ്ങളും, നാട്ടുകോഴികളും എണ്ണമില്ലാതെ വിറ്റഴിയുന്ന വലിയ ചന്തകൂടിയാണത്. സമൂഹത്തിന്റെ താഴേക്കി‌ടയിലുള്ളവര്‍ എന്ന് മറ്റുള്ളോര്‍ ആക്ഷേപിക്കുന്ന കൂട്ടര്‍ പൊയ് ക്കുതിരകെട്ടി ആഹ്ളാദ നൃത്തം ചെയ്ത് ഉത്സവത്തിനെത്തുന്നു. മദ്യവും മാംസവും ഇഷ്ടംപോലെ അകത്താക്കുന്ന ഈ മക്കളുടെ ദൈവങ്ങള്‍ സസ്യഭുക്കുകളോ ബ്രാഹ്മണാചാരപ്രകാരമുള്ള സാത്വിക പൂജകളാല്‍ പ്രസാദിക്കുന്നവരോ അല്ല.

ഇത്തവണ മൂന്നിയൂരിലെ കോഴിക്കളിയാട്ടത്തിന് ഹൈക്കോടതിയുടെ വിലക്കുണ്ടായിരുന്നു. അവിടെ കോഴിവെട്ട് നടക്കുന്നില്ല എന്ന് പോലീസ് ഉറപ്പുവരുത്തണമെന്നാണ് കോടതി കല്പിച്ചത്. പൊതുസ്ഥലത്ത് പുകവലിക്കരുത് എന്നും മൂത്ര വിസര്‍ജനം നടത്തരുത് എന്നൊക്കെത്തുടങ്ങി ഒരുപാട് കല്പനകളുണ്ടല്ലോ കോടതിവക. എന്നിട്ടാരും പുകവലിക്കാറില്ലേ ? തരം കിട്ടിയാല്‍ ഇരുന്നും അല്ലെങ്കില്‍ നിന്നും മതിലിനോ പൊന്തക്കാടിനോ മറഞ്ഞും വെള്ളം കിട്ടിയിട്ടില്ലെങ്കില്‍ കല്ലോ മണ്ണോ കൊണ്ട് ശൗചിച്ചും എമ്പാടും 'പാത്തു'ന്നതിന് സമൂഹത്തിന്റെ വിലക്ക് ആണായിപ്പിറന്നവര്‍ക്കാര്‍ക്കുമില്ല. ഈ ഉത്തരവിനെയും ജനം അങ്ങനെ മാത്രമെ കണ്ടുള്ളു. പതിവുപോലെ കോഴിവെട്ടു നടന്നു. കണ്ടാലറിയുന്ന അഞ്ഞൂറുപേര്‍ക്കെതിരെ കേസെടുത്ത് പോലീസ് തലയൂരുകയും ചെയ്തു. ഒരു സമൂഹം വിശ്വാസത്തിന്റെ ഭാഗമായി ചിരകാലമായി നടത്തിവരുന്ന ആചാരങ്ങള്‍ തടയാനാവില്ല എന്ന വാദമുയര്‍ത്തി സംഘടനകളും രംഗത്തെത്തി.

ആചാരപരമായ വെട്ടിനു വിധേയമായ കോഴികളുടെ മാംസം എന്തു ചെയ്തു എന്നന്വേഷിക്കുന്നത് നന്നായിരിക്കും. മനുഷ്യദൃഷ്ടിക്കു ഗോചരമായ വിധത്തില്‍ ദൈവങ്ങളാരും അത് ഭക്ഷിച്ചിട്ടില്ല. ഭക്ഷിച്ചത് വെട്ടിയവര്‍തന്നെയാണ്. ദൈവത്തിന്റെ പേരില്‍ മനുഷ്യര്‍ അതത്രയും തിന്നു. ഇന്ത്യയിലെവിടെയും ഒരാള്‍ക്ക് കോഴിയേയോ താറാവിനേയോ ആടിനേയോ പന്നിയേയോ മുയലിനേയോ പോത്തിനേയോ വെട്ടിത്തിന്നുതനിന് നിയമ തടസ്സമില്ല. 'വിശുദ്ധപശുക്കളേ'യും കൊന്നു തിന്നുന്നു. ഒട്ടകത്തിനേയും ഒട്ടകപ്പക്ഷിയേയും എമുവിനേയും ഏണി വച്ചുകയറി കഴുത്തുവെട്ടി അകത്താക്കും ! അവയുടെ മാംസം വില്‍ക്കുന്നതിനും തടസ്സമില്ല. മൂന്നിയൂരില്‍ മാത്രമല്ല, നാട്ടിലെമ്പാടും ചെറുതും വലുതുമായ കോഴിക്കടകളുണ്ട്. രാപകല്‍ ഭേദമെന്യേ അവിടങ്ങളില്‍ കോഴിവെട്ടു തന്നെയാണ് നടക്കുന്നത്. മൂന്നിയൂര്‍ ക്ഷേത്രത്തിലെ കോഴിവെട്ടും ഇതും തമ്മില്‍ എന്താണ് വ്യത്യാസം ? രണ്ടിടത്തും ജീവന്‍ തന്നെയാണ് പൊലിയുന്നത്.വെറുതേ കോഴിയെ പിടിച്ചു തിന്നുത് ശരിയും , തങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തിന് അര്‍പ്പിച്ച ശേഷം ഭക്ഷിക്കുന്നത് തെറ്റും എന്ന നിലപാടിന്റെ യുക്തിയെന്താണ് ?

വിശ്വാസിയായ മുസ്ലീമിന് "ബിസ്മി' ചൊല്ലാതെ ( അല്ലാഹുവിന്റെ നാമത്തിലല്ലാതെ ) കൊല്ലപ്പെടുന്ന ജീവികള്‍ ആഹാര്യ യോഗ്യമല്ല എന്നാണ് എന്റെ അറിവ്. അതായത് ഭക്ഷിക്കാന്‍ വേണ്ട് നടത്തുന്ന ഓരോ മൃഗബലിയും ആചാരപരമായിത്തന്നെ വേണം നടത്തുക.ബലിപെരുന്നാളിന് കാളയും പോത്തുമൊക്ക ആചാരത്തിന്റെ പേരില്‍ത്തന്നെയല്ലേ കഴുത്തറക്കപ്പെടുന്നത് ? കൂട്ടമായി , പരസ്യമായി ആരാധനാലയങ്ങളുടെ സമീപത്തുവച്ചുതന്നെ, കൊല്ലപ്പെടുന്ന മൃഗങ്ങളുടെ ഇറച്ചി വാരിക്കൊടുക്കുന്ന പതിവുമുണ്ട്. ഓരോ വിശ്വാസിയും തന്റെ ധനസ്ഥിതിക്കനുസരിച്ച് ഇറച്ചി വാരിക്കൊടുക്കുന്നത് ധര്‍മമായി കരുതുന്നു. അതെന്തേ ആരും നിരോധിക്കാത്തത്? നാല്‍ക്കാലികളുടെ ചോരയില്‍ കുളിച്ച ബലിപെരുന്നാള്‍ ത്യാഗത്തിന്റെ സന്ദേശം പരത്തുന്ന പൂണ്യദിനവും കോഴിക്കളിയാട്ടം നിരോധിക്കപ്പെടേണ്ട ദുരാചാരമായും മാറുന്നത് ഏത് അളവുകോലുകൊണ്ടളക്കുമ്പോഴാണ് ? സഹജീവീസ്നേഹത്തിന്റെ പേരിലാണെങ്കില്‍ രണ്ടും തെറ്റാണ്. ദൈവത്തിന് മൃഗത്തെ അര്‍പ്പിക്കുന്ന മന്ത്രം പ്രാചീന ഭാഷയിലാവുമ്പോള്‍ നിഷിദ്ധം, അറബിയിലാണെങ്കില്‍ കേമം എന്നാവുമോ ? ക്ഷേത്രങ്ങളോടനുബന്ധിച്ച് വെട്ടുമ്പോള്‍ അധികം നോവുമോ കോഴികള്‍ക്ക് ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ ഉയരുന്നത് സ്വാഭാവികം.

തങ്ങള്‍ ഭക്ഷിക്കുന്നതൊക്കെ തങ്ങളുടെ ദൈവങ്ങള്‍ക്കും നല്‍കണമെന്ന ലളിതയുക്തിയാണ് കോഴിക്കളിയാട്ടത്തിന്റേത്. അത് തെറ്റാണെന്നു പറയാന്‍ എന്തുണ്ട് ന്യായം ? മാനിറച്ചി നേദിച്ച കാട്ടാളനില്‍ പരമശിവന്‍ പ്രസാദിച്ച കഥ ബ്രാഹ്മണര്‍ തന്നെ പ്രചരിപ്പിക്കുന്നുണ്ടല്ലോ ? മാംസവും മദ്യവും ഉപയോഗിക്കന്നവരുടെ ദൈവങ്ങള്‍ക്ക് അതൊക്കെ നിവേദ്യമാക്കുന്ന പതിവ് മൂന്നിയൂരില്‍ മാത്രമല്ല ഉള്ളത്. കേരളത്തിലെ പഴയ തറവാടുകളില്‍ ( അമ്പലവാസികളുടെ അല്ല ) വര്‍ഷത്തില്‍ ഒരു ദിവസം ഗുളികന്‍, ചൊവ്വ, ദണ്ഡന്‍, എന്നിങ്ങനെയുള്ള ചില ദേവകള്‍ക്ക് കോഴിയറവ് പതിവുണ്ട്. കോഴിക്കോട്ടെ വളയനാട് കാവിനോട് ചുറ്റിപ്പറ്റി ജീവിക്കുന്ന ഇളയതുമാരും തങ്ങളുടെ വസതികളില്‍ കോഴിയും മദ്യവും നേദിക്കുന്ന പൂജകള്‍ ആവശ്യാനുസരണം നടത്തിക്കൊടുക്കാറുണ്ട്. ഇതൊക്കെ കോടതി ഉത്തരവുകൊണ്ട് നിരോധിക്കാനാവും എന്ന് കരുതുന്നവര്‍ ശുംഭന്‍മാര്‍ തന്നെ.

ആധുനിക സമൂഹം മൃഗ/പക്ഷിബലി ദുരാചാരമായാണ് കരുതിപ്പോരുന്നത്. എല്ലാ ജീവികള്‍ക്കും ഭൂ
മിയില്‍ തുല്യ അവകാശമാണെന്ന വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ആ നിലപാട്. ഏതെങ്കിലും ഒരു ജീവി വര്‍ഗം മറ്റൊന്നിന്റെ മേല്‍ ആധിപത്യം നേടുന്നത് ശരിയല്ല എന്നും നിലപാടുണ്ട്. ഒന്നിന്റെ സുഖത്തിനായി മറ്റൊരു ജീവന്‍ ബലി കഴിക്കുന്നത് അംഗീകരിക്കുവാന്‍ സമുഹത്തിന്റെ സത്വസംഹിതകള്‍ക്ക് കഴിയില്ല.എന്നു കരുതി മാംസാഹാരം നിരോധിക്കാനാവുമോ ?കൊന്നു തിന്നാന്‍ വേണ്ടി മാത്രം പക്ഷികളേയും മൃഗങ്ങളേയും പരിപാലിക്കുന്നത് കുടില്‍ വ്യവസായവും വന്‍ വ്യവസായവും ആണ് ഇന്ത്യയില്‍. അനേകം മനുഷ്യപ്രാണികള്‍ അന്നം തേടുന്ന തൊഴില്‍ മേഖലയാണത്.

ഒരു കാര്യത്തിനു വേണ്ടിയും സഹജീവികളെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യില്ല / ചെയ്യാന്‍ പാടില്ല എന്ന പൂര്‍ണ അഹിംസാതത്വം പാലിക്കപ്പെടുകയാണെങ്കില്‍ മാത്രമേ ദേവപ്രീതിക്കായി ബലി നല്‍കുന്നത് നിരോധിക്കാനാവൂ. ബലിനല്‍കപ്പെടുന്ന മൃഗങ്ങളുടെ മാംസം കൂടുതല്‍ ആരോഗ്യ ദായിയാണ്. ഹോര്‍മോണ്‍ കുത്തിവെച്ചും മറ്റും ഇറച്ചി ഉല്‍പാദനം നടത്താത്ത നാടന്‍ കോഴികളാണ് ബലി നല്‍കപ്പെടുക എന്നും ഓര്‍ക്കണം !

ഇതൊക്കെ പറയുന്നത് മാംസാഹാരം പ്രോത്സാഹിപ്പിക്കാനോ മൃഗബലി ന്യായീകരിക്കാനോ അല്ല. പരിഷ്കൃതര്‍ എന്ന ഹുങ്കുള്ള ആധുനികരാണ് പരിസ്ഥിതിക്ക് ഏറ്റവും ദോഷം വരുത്തിയിട്ടുള്ളത്. സഹജീവികളെ ഉപഭോഗ വസ്തുക്കളായി കണ്ട് കൃത്രിമ സാഹചര്യങ്ങളില്‍ അവയെപ്പോറ്റുന്നതും അവന്‍ തന്നെ. പതുക്കെയാണെങ്കിലും കേവലസ്നേഹത്തിലേക്ക് നമ്മള്‍ നടന്നടുക്കേണ്ടതുണ്ട്.

പലയി‍ടങ്ങളിലും നരബലി നടന്നിട്ടുണ്ട്. ഇപ്പോഴും അത്തരം വാര്‍ത്തകള്‍ പത്രത്താളുകളില്‍ ചോരചിന്തിപ്പിടയാറുണ്ട്. നിയമം കര്‍ശനമായപ്പോള്‍ മനുഷ്യനുപപകരം മൃഗങ്ങള്‍ ബലിക്കല്ലില്‍ തലയറഞ്ഞ് ജീവന്‍ വെടിയാന്‍ തുടങ്ങി. മൃഗബലി സാദ്ധ്യമല്ലാതായപ്പോള്‍ കോഴികള്‍ പകരക്കാരായി. അതും
സാദ്ധ്യല്ലെങ്കിലല്‍ ചക്കയോ കുമ്പളങ്ങയോ മൃഗമാണെന്നു കരുതി ബലിയര്‍പ്പിക്കും. ഏതായാലും ബലി , ബലിക്കല്ല് , ബലിമൃഗം എന്നിങ്ങനെയുള്ള കല്പനകളുടെ മൃഗയാ വിനോദത്തില്‍ തന്നെയാണ് സമുഹത്തിന്റെ കണ്ണ്. ചക്കയില്‍ നിന്ന് ബലി തിരിച്ചു നടക്കില്ല എന്ന് സമാധാനിക്കാം.

Sunday, July 8, 2012